12:38am 21 June 2026
NEWS
പോർച്ചു​ഗലിനെ തളയ്ക്കാൻ കോം​ഗോയുടെ കരുത്തിന് ഊർജ്ജം പകർന്ന മുത്തുസ്വാമിയുടെ വേരുകൾ നമ്മുടെ നാട്ടിൽ
20/06/2026  01:01 PM IST
nila
 പോർച്ചു​ഗലിനെ തളയ്ക്കാൻ കോം​ഗോയുടെ കരുത്തിന് ഊർജ്ജം പകർന്ന മുത്തുസ്വാമിയുടെ വേരുകൾ നമ്മുടെ നാട്ടിൽ

52 വർഷത്തിനു ശേഷമാണ് കോംഗോ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. ആദ്യ മത്സരത്തിൽ തന്നെ ആവേശം നിറയ്ക്കാൻ ടീമിന് കഴിഞ്ഞിരുന്നു. കരുത്തരായ പോർച്ചു​ഗലിനെ സമനിലയിൽ തളച്ച പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക് മറക്കാൻ കഴിയുന്നതല്ല. പോർച്ചുഗലിനെതിരെ കോംഗോ നടത്തിയ പോരാട്ടത്തിൽ ശ്രദ്ധേയ പ്രകടനം ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസ്വാമിയുടേതായിരുന്നു. വിടർത്തിയിട്ട മുടിയും അതിവേഗ നീക്കങ്ങളും കൊണ്ട് കളത്തിൽ നിറഞ്ഞുനിന്ന മുത്തുസ്വാമി മധ്യനിരയിൽ മാത്രമല്ല, പ്രതിരോധത്തിലും ആക്രമണത്തിലും നിർണായക സാന്നിധ്യമായി.

29-കാരനായ താരത്തിന് ഇന്ത്യൻ വേരുകളുണ്ട്. 19-ാം നൂറ്റാണ്ടിൽ കരീബിയൻ ദ്വീപുകളിലേക്ക് കുടിയേറിയ തമിഴ് വംശജരുടെ പിന്മുറക്കാരനാണ് അദ്ദേഹം. അമ്മ കോംഗോ സ്വദേശിനിയും അച്ഛൻ തമിഴ് വംശജനായ ഇന്തോ-ഗ്വാഡലൂപ്പിയനുമാണ്. ഫ്രഞ്ച് അധീനതയിലുള്ള ഗ്വാഡലൂപ്പ് ദ്വീപിൽ താമസിക്കുന്ന ഇന്ത്യൻ വംശജ സമൂഹമായ ഇന്തോ-ഗ്വാഡലൂപ്പിയൻ വിഭാഗത്തിൽപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബം. ദക്ഷിണേന്ത്യയിൽ നിന്ന് കരാർ തൊഴിലാളികളായി കരീബിയൻ മേഖലയിലേക്ക് കൊണ്ടുപോയവരുടെ പാരമ്പര്യമാണ് ഈ സമൂഹത്തിനുള്ളത്.

പാരീസിൽ ജനിച്ച മുത്തുസ്വാമി 2019 മുതൽ അമ്മയുടെ നാടായ കോംഗോയ്ക്കായാണ് അന്താരാഷ്ട്ര ഫുട്ബോളിൽ കളിക്കുന്നത്. ഇതിനോടകം ദേശീയ ടീമിനായി 58 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം ഫ്രഞ്ച് ക്ലബ് ലിയോണിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. നിലവിൽ ഗ്രീക്ക് ക്ലബ് അട്രോമിറ്റോസിന്റെ താരമാണ്.

ഈ ലോകകപ്പിൽ ഇന്ത്യൻ വേരുകളുള്ള മറ്റു താരങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. ന്യൂസിലാൻഡിനായി സർപ്രീത് സിംഗും ഓസ്ട്രേലിയയ്ക്കായി നിഷാൻ വേലുപ്പിള്ളയും കളിക്കളത്തിൽ ഇറങ്ങിയപ്പോൾ, മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് ഖത്തർ ടീമിന്റെ ഭാഗമായും ഇടംപിടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img